അറിയാം ഗൂഗിൾ പേയുടെ പുതിയ സ്ഥിരനിക്ഷേപ പദ്ധതിയെ കുറിച്ച്!!  

കോവിഡ് കാലത്ത് രാജ്യത്ത് മുഴുവന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഘട്ടത്തില്‍ ധാരാളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. പലര്‍ക്കും ലഭിച്ചു കൊണ്ടിരുന്ന വേതനത്തിലും കുറവ് സംഭവിച്ചു. അങ്ങനെയൊരു സാഹചര്യത്തില്‍ നേരത്തേ സമ്പാദ്യമായി കൈയ്യില്‍ സൂക്ഷിച്ചിരുന്ന തുകയാണ് പലര്‍ക്കും ആശ്വാസമായത്. നമ്മുടെ വരുമാനത്തില്‍ നിന്നും നിര്‍ബന്ധമായും നിശ്ചിത തുക സമ്പാദ്യമായി മാറ്റി വയ്‌ക്കേണ്ടതിന്റെ ആവശ്യകത കോവിഡ് കാലം നമ്മെ ബോധ്യപ്പെടുത്തി.


വീട്ടിലിരുന്ന് തന്നെ സേവിംഗ്‌സ് ആരംഭിക്കാം

ഇതുവരെ സമ്പാദ്യത്തെക്കുറിച്ച് ആലോചിക്കാത്ത വ്യക്തികള്‍ക്ക് സ്വന്തം വീട്ടിലിരുന്ന് തന്നെ സേവിംഗ്‌സ് ആരംഭിക്കുവാന്‍ സാധിക്കുന്ന ഒരു പുതിയ സംവിധാനത്തെക്കുറിച്ചാണ് ഇനി പറയുവാന്‍ പോകുന്നത്. നിക്ഷേപം ആരംഭിക്കുവാന്‍ ആഗ്രഹമുണ്ടെങ്കിലും അത് നാളെ ചെയ്യാം എന്ന് പറഞ്ഞ് പലരും പ്പോഴും മാറ്റിവയ്ക്കുന്നതിലെ കാരണം ബാങ്കുകളിലോ പോസ്റ്റ് ഓഫീസുകളിലോ ചെന്ന് ദീര്‍ഘ നേരം അതിനായി മാറ്റിവയ്‌ക്കേണ്ടി വരുമെന്നുള്ള പ്രയാസം ഓര്‍ത്താണ്.

ഗൂഗിള്‍ സ്ഥിര നിക്ഷേപ പദ്ധതി

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങളെല്ലാം മാറിയിരിക്കുകയാണ്. വീട്ടിലിരുന്ന് കൊണ്ട് തന്നെ ഇന്ന് ഒരു വ്യക്തിയ്ക്ക് സ്ഥിര നിക്ഷേപങ്ങള്‍ പോലുള്ള സമ്പാദ്യ പദ്ധതികളുടെ ഗുണഭോക്താവ് ആകുവാന്‍ സാധിക്കും. അതിനായി ബാങ്കുകളില്‍ ചെല്ലുകയോ ദീര്‍ഘനേരം ക്യൂവില്‍ നില്‍ക്കുകയോ വേണ്ടതില്ല. ലഭ്യമാകുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങങള്‍ക്കും സമാനമായി ഗൂഗിള്‍ സ്ഥിര നിക്ഷേപ പദ്ധതികള്‍ ആരംഭിക്കുവാന്‍ തയ്യാറെടുക്കുകയാണ്.

ഗൂഗിളിന്റെ ഈ നീക്കം ഉപയോക്താക്കള്‍ക്ക് ഏറെ സൗകര്യപ്രദമായി മാറമെന്ന് ഉറപ്പാണ്. ഏറെ കാലതാമസമില്ലാതെ തന്നെ ഗൂഗിള്‍ തങ്ങളുടെ സ്ഥിര നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി ആരംഭിച്ചു കഴിഞ്ഞാല്‍ ഉപയോക്താക്കള്‍ക്ക് ശാഖയില്‍ ചെല്ലേണ്ട ആവശ്യമില്ല. കൂടാതെ ബാങ്കിന്റെ അപ്ലിക്കേഷനുകളോ വെബ്‌സൈറ്റുകളോ സന്ദര്‍ശിക്കുകയും ചെയ്യേണ്ട കാര്യമില്ല. ഗൂഗിളിന്റെ മണി ട്രാന്‍സ്ഫര്‍ അപ്ലിക്കേഷനായ ജി പേ അപ്ലിക്കേഷന്‍ ഉപയോഗിച്ച് വീട്ടിലിരുന്ന് കൊണ്ട് ഉപയോക്താക്കള്‍ക്ക് സ്ഥിര നിക്ഷേപ സേവനങ്ങള്‍ ഉപയോഗപ്പെടുത്താം.


ആദ്യ ഘട്ടത്തില്‍ ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സ്ഥിര നിക്ഷേപങ്ങള്‍

ഫിന്‍ടെക് കമ്പനിയായ സേതുവുമായി ചേര്‍ന്നാണ് ഗൂഗിള്‍ സ്ഥിര നിക്ഷേപ സംവിധാനം നടപ്പിലാക്കുന്നത്. ഈ നൂതന സംരംഭം മുഖേന ഗൂഗിളിന്റെ തനതായ സ്ഥിര നിക്ഷേപ പദ്ധതികളല്ല ഗൂഗിള്‍ അവതരിപ്പിക്കുന്നത്. മറിച്ച് ബാങ്കുകളുടെ സ്ഥിര നിക്ഷേപ പദ്ധതികള്‍ പ്രമോട്ട് ചെയ്യുകയാണ് ഇതിലൂടെ ഗൂഗിള്‍ ചെയ്യുന്നത്. ആദ്യ ഘട്ടത്തില്‍ ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സ്ഥിര നിക്ഷേപങ്ങളായിരിക്കും ഗൂഗിള്‍ വില്‍പ്പന നടത്തുന്നത്.

പലിശ നിരക്ക്

ജി പേ വഴി സ്ഥിര നിക്ഷേപം നടത്തുന്ന ഉപയോക്താക്കള്‍ക്ക് പരമാവധി 6.35 ശതമാനം വരെ പലിശ നിരക്ക് ലഭിക്കുമെന്നാണ് കരുതുന്നത്. ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന പലിശയായിരിക്കും ഇത്. ഗൂഗിള്‍ പേ വഴി ഉപയോക്താക്കള്‍ക്ക് ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ 7 മുതല്‍ 29 ദിവസങ്ങള്‍ വരെ, 30 മുതല്‍ 45 ദിവസങ്ങള്‍ വരെ, 46 മുതല്‍ 90 ദിവസം വരെ, 91 മുതല്‍ 180 ദിവസം വരെ, 181 മുതല്‍ 364 ദിവസങ്ങള്‍ വരെ, 365 ദിവസം വരെ എന്നിങ്ങനെയുള്ള കാലയളവിലേക്കാണ് സ്ഥിര നിക്ഷേപങ്ങള്‍ നടത്തുവാന്‍ സാധിക്കുക.

കെവൈസി നിര്‍ബന്ധം

കെവൈസി ഇല്ലാതെ നിങ്ങള്‍ക്ക് സ്ഥിര നിക്ഷേപ പദ്ധതിയുടെ ഗുണഭോക്താവ് ആകുവാന്‍ സാധിക്കുകയില്ല. ഇതിനായി ഉപയോക്താവ് ആധാര്‍ വിവരങ്ങള്‍ നല്‍കേണ്ടതായുണ്ട്. രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറില്‍ ഒടിപി വന്നാണ് കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കുക. സ്ഥിര നിക്ഷേപത്തിന്റെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ തുക തിരികെ ഉപയോക്താവിന്റെ ജി പേ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുകയാണ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team