എംഐ 10i വിപണിയിൽ,ഷവോമിയുടെ ഏറ്റവും വിലക്കുറവുള്ള 5ജി ഫോൺ
5ജി കണക്ടിവിറ്റി ഇന്ത്യയെ സംബന്ധിച്ച് ഇപ്പോഴും അകലെയാണെങ്കിലും 5ജി കണക്ടിവിറ്റിയുള്ള ഫോണുകൾ വിപണിയിലെത്തിക്കുന്നതിൽ നിന്നും മൊബൈൽ ഫോൺ നിർമാതാക്കളെ ഇത് പിന്തിരിപ്പിക്കുന്നില്ല. റിയൽമി X50 പ്രോ 5ജി, വൺപ്ലസ് നോർഡ്, വിവോ V20 പ്രോ, മോട്ടോ ജി 5ജി എന്നീ ഫോണുകൾക്ക് പുറമെ ഷവോമിയുടെയും ഏറ്റവും വിലക്കുറവുള്ള 5ജി ഫോൺ, എംഐ 10i ഇന്ത്യൻ വിപണിയിലെത്തി.
108-മെഗാപിക്‌സൽ സാംസങ് HM2 സെൻസർ, സ്നാപ്ഡ്രാഗൺ 750G SoC പ്രോസസ്സർ എന്നിവ ഹൈലൈറ്റ് ആയെത്തിയിരിക്കുന്ന എംഐ 10i, പ്രതീക്ഷിച്ചതുപോലെ തന്നെ ചൈനയിൽ അടുത്തിടെ അവതരിപ്പിച്ച റെഡ്മി നോട്ട് 9 പ്രോ 5ജി ഫോൺ റീബ്രാൻഡ് ചെയ്തു അവതരിപ്പിച്ചിരിക്കുന്നതാണ്.
6 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷന് 20,999 രൂപ, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷന് 21,999 രൂപ, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 23,999 രൂപ എന്നിങ്ങനെയാണ് എംഐ 10iയുടെ വില. പസിഫിക് സൺറൈസ്, അറ്റ്ലാന്റിക് ബ്ലൂ, മിഡ്‌നെറ്റ് ബ്ലാക്ക് എന്നിങ്ങനെ 3 നിറങ്ങളിൽ വില്പനക്കെത്തിയിരിക്കുന്ന എംഐ 10i ആമസോൺ ഇന്ത്യ, എംഐ.കോം, എംഐ സ്റ്റുഡിയോ സ്റ്റോറുകൾ, എംഐ ഹോം സ്റ്റോറുകൾ എന്നിവയിലൂടെ ഈ മാസം 7-ന് ഉച്ചയ്ക്ക് 12 മണി മുതൽ വാങ്ങാം.
ആൻഡ്രോയിഡ് 10 അടിസ്ഥാനമായ MIUI 12 ആണ് എംഐ 10i-യുടെ ഓപ്പറേറ്റിംഗ് സിസ്റ്റം. 120Hz റിഫ്രഷ് റേറ്റും 250Hz ടച്ച് സാമ്പിൾ റേറ്റുമുള്ള 6.67 ഇഞ്ച് ഫുൾ എച്ച്ഡി+ (2,400×1,080 പിക്‌സൽ) ഡിസ്‌പ്ലേ ആണ് എംഐ 10i-യ്ക്ക്. ഫോണിന്റെ രണ്ട് വശങ്ങൾക്കും കോർണിംഗ് ഗോറില്ല ഗ്ലാസ് 5 സംരക്ഷണമുണ്ട്. അഡ്രിനോ 619 ഗ്രാഫിക്സ് പ്രോസസറുമായി ചേർന്ന് പ്രവർത്തിക്കുന്ന സ്നാപ്ഡ്രാഗൺ 750 ജി SoC പ്രോസസ്സർ ആണ് ഫോണിന് കരുത്ത് പകരുന്നത്. 8 ജിബി വരെ റാമും 128 ജിബി വരെ ഇന്റെർണൽ മെമ്മറിയും ഫോണിനുണ്ട്.