എച്ച്ഡിഎഫ്സി ബാങ്കിനെതിരെ കേസ്:കാർ ലോൺ ഉപഭോക്താക്കളെ വാഹന ട്രാക്കിംഗ് ഉപകരണങ്ങൾ വാങ്ങാൻ നിർബന്ധിതരാക്കി  

വാഷിംഗ്ടൺ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സിക്കെതിരെ യുഎസിൽ കേസ്. കാർ ലോൺ ഉപഭോക്താക്കളെ വാഹന ട്രാക്കിംഗ് ഉപകരണങ്ങൾ വാങ്ങാൻ നിർബന്ധിതരാക്കിയെന്ന് ചൂണ്ടിക്കാണിച്ച് യുഎസ് ആസ്ഥാനമായുള്ള നിയമസ്ഥാപനമായ റോസൻ ലോ ഫേം ആണ് എച്ച്ഡിഎഫ്സി ബാങ്കിനെതിരെ ക്ലാസ് ആക്ഷൻ കേസ് ഫയൽ ചെയ്തത്. ബാങ്കിന്റെ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകൾ കാരണം ചില നിക്ഷേപകർക്ക് നഷ്ടം സംഭവിച്ചതായും കമ്പനി പരാതിയിൽ ചൂണ്ടിക്കാട്ടി.

എച്ച്ഡിഎഫ്സി ബാങ്ക്ലിമിറ്റഡിന്റെ മുൻ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ആദിത്യ പുരി, നിയുക്ത ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശശിധർ ജഗദീഷൻ, കമ്പനി സെക്രട്ടറി സന്തോഷ് ഹൽദങ്കർ എന്നിവർക്കെതിരെയാണ് റോസൻ ലോ ഫേം കേസ് ഫയൽ ചെയ്തത്. ലോകമെമ്പാടുമുള്ള നിക്ഷേപകരെ പ്രതിനിധീകരിച്ച് കമ്പനി വൈബ്സൈറ്റ് വഴിയാണ് റോസൻ ലോ ഫേം കേസ് ഫയൽ ചെയ്തത്. ന്യൂയോർക്കിലെ കിഴക്കൻ ജില്ലയിലുള്ള കോടതിയിലാണ് കേസ് സമർപ്പിച്ചത്. കേസിൽ ഉൾപ്പെട്ട ആളുകൾ പദ്ധതി, ഗൂഢാലോചന, വഞ്ചന എന്നിവ നടത്തിയതായി നിയമസ്ഥാപനം പരാതിയിൽ ആരോപിച്ചു.

അനുചിതമായ വായ്‌പാ സമ്പ്രദായങ്ങൾ നിയന്ത്രിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടു. വാഹന-ധനകാര്യ പ്രവർത്തനങ്ങളിൽ നിന്ന് ലഭിക്കുന്ന ബാങ്കിന്റെ വരുമാനം സുസ്ഥിരമല്ലെന്നും ആരോപിക്കപ്പെട്ട അപര്യാപ്തതകൾ ബാങ്കിന്റെ സാമ്പത്തിക അവസ്ഥയെയും പ്രശസ്തിയെയും പ്രതികൂലമായി ബാധിക്കുമെന്നും പരാതിയിൽ പറഞ്ഞു. അതുകൊണ്ട് തന്നെ ബാങ്ക് പുറപ്പെടുവിച്ച പൊതു പ്രസ്താവനകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്.

സത്യത്തെ അവഗണിച്ചാണ് പ്രതികൾ പ്രവർത്തിച്ചത്. അവർ നടത്തിയ പ്രസ്താവനകൾ ഭൗതികമായി തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ഇത്തരം വസ്തുതകൾ കണ്ടെത്തുന്നതിലും വെളിപ്പെടുത്തുന്നതിലും പ്രതികൾ പരാജയപ്പെടുകയോ അല്ലെങ്കിൽ വിസമ്മതിക്കുകയോ ചെയ്യുകയായിരുന്നുവെന്നും പരാതി കൂട്ടിച്ചേർത്തു.

2015 മുതൽ 2019 ഡിസംബർ വരെയാണ് എച്ച്ഡിഎഫ്സി ബാങ്ക് കാർ ലോൺ ഉപഭോക്താക്കളെകൊണ്ട് നിർബന്ധിച്ച് വാഹന ട്രാക്കിംഗ് ഉപകരണങ്ങൾ വാങ്ങിപ്പിച്ചത്. 18,000 മുതൽ, 500 19,500 വരെ വിലയുള്ള ജിപിഎസ് ഉപകരണങ്ങൾ വാങ്ങാനാണ് എച്ച്ഡിഎഫ്സി ബാങ്ക് എക്സിക്യൂട്ടീവുകൾ വാഹന വായ്പ ഉപഭോക്താക്കളെ പ്രേരിപ്പിച്ചതെന്ന് ജൂലൈ 20 ന് മിന്റ് റിപ്പോർട്ട് ചെയ്തിരുന്നു. അന്നത്തെ ബിസിനസ് മേധാവി അശോക് ഖന്ന ഉൾപ്പെട്ട വായ്പ ഉൾപ്പടെയുള്ള വാഹന സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗം അനുചിതമായ വായ്‌പാ സമ്പ്രദായം നടപ്പിലാക്കുന്നുവെന്ന് റിപ്പോർട്ടിൽ എച്ച്ഡിഎഫ്സി ബാങ്ക് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു.


കാർ ലോൺ ഉപഭോക്താക്കളെ വാഹന ട്രാക്കിംഗ് ഉപകരണം വാങ്ങാൻ നിർബന്ധിച്ചു എന്നുതന്നെയായിരുന്നു വാഹന വായ്പ വിഭാഗത്തിനെതിരെ ഉയർന്ന പ്രധാന ആരോപണം. ഇതേത്തുടർന്ന് എച്ച്ഡി‌എഫ്‌സി ബാങ്കിന്റെ അമേരിക്കൻ ഡിപോസിറ്ററി (എ‌ഡി‌എസ്) ഓഹരി വില 1.37 ഡോളർ അഥവാ 2.83 ശതമാനം ഇടിഞ്ഞ് ജൂലൈ 13 ന് 47.02 ഡോളറിലെത്തി. കഴിഞ്ഞ മാസം ബാങ്കിന്റെ ഓഹരി ഉടമകൾക്ക് വേണ്ടി സെക്യൂരിറ്റി ക്ലെയിമുകൾ അന്വേഷിക്കുമെന്ന് റോസൻ ലോ ഫേം പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team