ഓഹരി വിപണിയില്‍ 7.84 ശതമാനം നേട്ടം ടെസ്‌ല ഓഹരികള്‍ കയ്യടക്കി!  

രാജ്യാന്തര കമ്ബോളത്തില്‍ ടെസ്‌ലയും ഇലോണ്‍ മസ്‌കും അതിവേഗ കുതിപ്പ് തുടരുകയാണ്. വെള്ളിയാഴ്ച്ച അമേരിക്കന്‍ ഓഹരി വിപണിയില്‍ 7.84 ശതമാനം നേട്ടം ടെസ്‌ല ഓഹരികള്‍ കയ്യടക്കി. ഫലമോ, വൈദ്യുത കാര്‍ നിര്‍മ്മാതാക്കളായ ടെസ്‌ലയുടെ വിപണി മൂല്യം 800 ബില്യണ്‍ ഡോളര്‍ പിന്നിട്ടു. വിപണിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ടെസ്‌ല 800 ബില്യണ്‍ ഡോളര്‍ നാഴികക്കല്ല് കടക്കുന്നത്. വെള്ളിയാഴ്ച്ച വ്യാപാരം അവസാനിക്കുമ്ബോള്‍ ടെസ്‌ലയുടെ വിപണി മൂല്യം 834.17 ബില്യണ്‍ ഡോളര്‍ രേഖപ്പെടുത്തി. നിലവില്‍ വാള്‍സ്ട്രീറ്റിലെ ഏറ്റവും മൂല്യമേറിയ അഞ്ചാമത്തെ കമ്ബനിയെന്ന പൊന്‍തൂവല്‍ ഇലോണ്‍ മസ്‌കിന്റെ ടെസ്‌ലയ്ക്കുണ്ട്. പട്ടികയില്‍ ഫെയ്‌സ്ബുക്ക് പോലും ടെസ്‌ലയ്ക്ക് പിന്നിലാണ്.ഗൂഗിളിന്റെ മാതൃകമ്ബനിയായ ആല്‍ഫബറ്റ് ഇന്‍കോര്‍പ്പറേഷനുമായി വലിയ അകലം ടെസ്‌ലയ്ക്കില്ലെന്നും പ്രത്യേകം സൂചിപ്പിക്കണം. എന്തായാലും ടെസ്‌ലയുടെ കുതിപ്പില്‍ ഇലോണ്‍ മസ്‌ക് സമ്ബത്ത് വാരിക്കൂട്ടുകയാണ്. വെള്ളിയാഴ്ച്ച മാത്രം 14.5 ബില്യണ്‍ ഡോളര്‍ അധികം സമ്ബാദിക്കാന്‍ ടെസ്‌ല മേധാവിയായ മസ്‌കിന് സാധിച്ചു. നിലവില്‍ 209 ബില്യണ്‍ ഡോളറാണ് ഇലോണ്‍ മസ്‌കിന്റെ മൊത്തം സമ്ബാദ്യം. നേരത്തെ, ടെസ്‌ല ഓഹരികളുടെ കുതിപ്പിന്റെ പശ്ചാത്തലത്തില്‍ ഇലോണ്‍ മസ്‌ക് ലോകത്തെ ഏറ്റവും അതിസമ്ബന്നനെന്ന പട്ടം സ്വന്തമാക്കിയിരുന്നു. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ കുത്തക തകര്‍ത്താണ് ഇലോണ്‍ മസ്‌ക് അതിസമ്ബന്നരുടെ പട്ടികയില്‍ പ്രഥമ സ്ഥാനം കയ്യടക്കിയത്.വെള്ളിയാഴ്ച്ച വ്യാപാരം പൂര്‍ത്തിയാക്കുമ്ബോള്‍ ജെഫ് ബെസോസിന്റെ മൊത്തം ആസ്തി 186 ബില്യണ്‍ ഡോളറിലാണ് എത്തിനിന്നത്. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന് 134 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ട്. ആഗോള ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ് കമ്ബനിയായ എവര്‍കോര്‍ ഐഎസ്‌ഐ ടെസ്‌ല ഓഹരികളുടെ റേറ്റിങ് ‘അണ്ടര്‍പെര്‍ഫോമില്‍’ നിന്നും ‘ഇന്‍ ലൈനായി’ തിരുത്തിയതിന് പിന്നാലെയാണ് കമ്ബനി വന്‍കുതിപ്പ് രേഖപ്പെടുത്തിയത്. ടെസ്‌ല ഓഹരികളുടെ പ്രൈസ് ടാര്‍ഗറ്റ് 225 ഡോളറില്‍ നിന്നും 650 ഡോളറായും എവര്‍കോര്‍ ഐഎസ്‌ഐ ഉയര്‍ത്തുകയുണ്ടായി. പോയവര്‍ഷം മാത്രം 700 ശതമാനം നേട്ടമാണ് ടെസ്‌ല ഓഹരികള്‍ കാഴ്ച്ചവെച്ചത്. ഡിസംബറില്‍ വലിയ അമേരിക്കന്‍ ഓഹരികള്‍ മാത്രം പങ്കെടുക്കുന്ന എസ് ആന്‍ഡ് പി 500 സൂചികയിലും ടെസ്‌ല പേരുചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team