ഗൂഗിള്‍ മീറ്റിലെ ഈ പുതിയ ഫീച്ചര്‍ ടീച്ചര്‍മാര്‍ ഏറെ കാത്തിരുന്നത്; ‘ബ്രേക്കൗട്ട് ഗ്രൂപ്പ്’
വീഡിയോ കോൺഫറൻസിങ് സേവനമായ ഗൂഗിൾ മീറ്റിൽ പുതിയ ബ്രേക്കൗട്ട് റൂം ഫീച്ചർ അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ജിസ്യൂട്ടിലാണ് ഈ ഫീച്ചർ നിലവിൽ ലഭ്യമാക്കിയിരിക്കുന്നത്. പിന്നീടെപ്പോഴെങ്കിലും മറ്റ് ഉപയോക്താക്കൾക്കും ഇത് ലഭ്യമാക്കിയേക്കാം.
ഓൺലൈൻ ക്ലാസിനിടെ വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്ന വിദ്യാർഥികളെ വ്യത്യസ്ത ഗ്രൂപ്പുകളാക്കി തിരിക്കാൻ അധ്യാപകർക്ക് സാധിക്കും. സുഗമമായും തടസമില്ലാതെയും ക്ലാസെടുക്കാൻ ഇത് അധ്യാപകരെ സഹായിക്കും.
ക്ലാസ് മുറികളിൽ ഗ്രൂപ്പുകളാക്കി തിരിക്കുന്നത് പോലെ പ്രൊജക്ടുകൾ ചെയ്യിപ്പിക്കുന്നതിനായി കുട്ടികളെ വ്യത്യസ്ത ഗ്രൂപ്പുകളാക്കി തിരിക്കാൻ ഈ സംവിധാനം അധ്യാപകരെ സഹായിക്കും. ഒരു വീഡിയോ കോളിൽ 100 ഗ്രൂപ്പുകൾ വരെ ഉണ്ടാക്കാൻ സാധിക്കും.
പാൻഡമിക് കാലമായതിനാൽ ക്ലാസുകൾക്കായി വീഡിയോ കോൺഫറൻസിങ് സേവനങ്ങളെയാണ് അധ്യാപകരും വിദ്യാർഥികളും ആശ്രയിക്കുന്നത്. കേവലം അധ്യാപകരുടെ ക്ലാസുകൾ കുട്ടികൾ കേട്ടിരിക്കുന്നതിന് പകരം. ഓൺലൈൻ ക്ലാസുകളിൽ കുട്ടികളുടെ പ്രാതിനിധ്യവും ഇടപെടലും വർധിപ്പിക്കുന്നതിനായി ഇത്തരത്തിൽ ഒരു സൗകര്യം ഒരുക്കണമെന്ന ആവശ്യം ഏറെ നാളായി ഉയരുന്നുണ്ട്.
വീഡിയോകോൾ മോഡറേറ്റർമാർക്ക് എല്ലാ ബ്രേക്കൗട്ട് ഗ്രൂപ്പുകളിലും ഇടപെടാൻ സാധിക്കും. അഡ്മിൻമാർക്ക് ഗ്രൂപ്പുകൾ അനുവദിക്കുന്നതിൽ പൂർണ നിയന്ത്രണമുണ്ടാവും.
ഗൂഗിൾ മീറ്റിന്റെ വെബ് പതിപ്പിൽ മാത്രമാണ് ബ്രേക്ക് ഔട്ട് ഗ്രൂപ്പുകൾ തിരിക്കാനുള്ള സൗകര്യം ലഭിക്കുക. എന്നാൽ ഏത് ഉപകരണം ഉപയോഗിക്കുന്നവർക്കും സാധാരണപോലെ വീഡിയോ കോൺഫറൻസിൽ പങ്കെടുക്കാം.