പുതിയ മരുന്നുകള്‍ ഉത്പാദിപ്പിക്കാൻ കെഎസ്‌ഡിപി; സിഎസ്‌ഐആറുമായി കരാർ ഒപ്പുവച്ചു.
തിരുവനന്തപുരം: സംസ്ഥാന പൊതുമേലാ വ്യവസായ സ്ഥാപനം കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് പുതിയ മരുന്നുകളുടെ ഉല്‍പാദനത്തിന്റെ ഭാഗമായി കൗണ്‍സില്‍ ഓഫ് സൈന്റിഫിക്ക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ചുമായി (സിഎസ്ഐആര്‍) ധാരണാപത്രം ഒപ്പുവച്ചു. പതിനഞ്ച് പുതിയ മരുന്നുകള്‍ക്കുള്ള ഫോര്‍മുല വികസിപ്പിച്ചെടുക്കുന്നതിനാണ് ധാരണാപത്രം. വികസിപ്പിച്ചെടുത്ത ഫോര്‍മുല ഉപയോഗിച്ച് കെഎസ്ഡിപി വ്യാവസായികാടിസ്ഥാനത്തില്‍ മരുന്നുകള്‍ ഉത്പാദിപ്പിക്കും.
വ്യവസായ മന്ത്രി ഇപി ജയരാജന്റെ സാന്നിദ്ധ്യത്തിലാണ് കരാര്‍ ഒപ്പിട്ടത്. കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ലിസ്റ്റിലുള്ള മരുന്നുകളാണ് നിര്‍മിക്കുക. ഇതുവഴി പൊതുജനാരോഗ്യ മേഖലയില്‍ കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരമുള്ള മരുന്നുകള്‍ ലഭ്യമാക്കാനാകും. പൊതുവിപണിയില്‍ വലിയ വിലവരുന്ന മരുന്നുകളാണ് ഇവ. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് അത്യാധുനിക മെഷീനുകള്‍ സജ്ജീകരിച്ചിട്ടുള്ളതാണ് കെഎസ്ഡിപിയിലെ മരുന്ന് നിര്‍മ്മാണ യൂണിറ്റുകളായ ബീറ്റാലാക്ടം, നോണ്‍ ബീറ്റാലാക്ടം പ്ലാന്റുകള്‍.