മലമ്പുഴ ഐടിഐ അന്താരാഷ്ട്രാ നിലവാരത്തിലേക്ക്- മന്ത്രി ടി.പി.രാമകൃഷ്ണന്‍  

പാലക്കാട് | ഒന്നാം ഘട്ടത്തില്‍ അന്താരാഷ്ട്രാ നേട്ടം കൈവരിക്കുന്നത് 10 ഐടിഐകള്‍
മലമ്പുഴ ഉള്‍പ്പെടെ 10 ഐടിഐകളെ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. മലമ്പുഴ ഗവ. ഐടിഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള കെട്ടിട നിര്‍മ്മാണത്തിന് തുടക്കം കുറിക്കുന്ന പരിപാടി ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കിഫ്ബി ധനസഹായത്തോടെയാണ് മലമ്പുഴ ഐടിഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. മൊത്തം 43 കോടി രൂപയുടെ അനുമതിയാണ് ഈ പദ്ധതിക്ക് ലഭിച്ചിട്ടുള്ളത്. ആദ്യഘട്ടമായി 12 കോടി 79 ലക്ഷം രൂപയുടെ നിര്‍മ്മാണപ്രവൃത്തികള്‍ക്കാണ് തുടക്കം കുറിച്ചത്. അടിസ്ഥാന സൗകര്യവികസനം, അക്കാദമിക്ക് മികവ് എന്നിങ്ങനെ രണ്ടു വിധത്തിലാണ് മലമ്പുഴ ഐടിഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്.
ഡിജിറ്റല്‍ ക്ലാസ് മുറികള്‍, ആധുനികരീതിയിലുള്ള വര്‍ക്ക്ഷാപ്പ്, ഹോസ്റ്റല്‍, ലൈബ്രറി, സെമിനാര്‍ ഹാള്‍, കളിസ്ഥലം, ഓഡിറ്റോറിയം, ഗ്രീന്‍ കാമ്പസ് തുടങ്ങിയ സൗകര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരം കൈവരിക്കുന്നതോടെ സജ്ജമാകും.
മലമ്പുഴക്കു പുറമെ തിരുവനന്തപുരം ജില്ലയിലെ ധനുവച്ചപുരം, കൊയിലാണ്ടി, കൊല്ലം ജില്ലയിലെ ചന്ദനത്തോപ്പ്, ചെങ്ങന്നൂര്‍, ഏറ്റുമാനൂര്‍, കട്ടപ്പന, ചാലക്കുടി, കണ്ണൂര്‍, കയ്യൂര്‍ എന്നീ പത്ത് ഐടിഐകളാണ് ആദ്യഘട്ടത്തില്‍ കിഫ്ബി ധനസഹായത്തോടെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയരും. 82 കോടി 49 ലക്ഷം രൂപയാണ് ഒന്നാം ഘട്ടത്തില്‍ വിനിയോഗിക്കുന്നത്.
തിരുവനന്തപുരത്തെ ചാക്ക, കോഴിക്കോട് ഐടിഐകള്‍ സര്‍ക്കാര്‍ പദ്ധതിവിഹിതം ഉപയോഗിച്ചും അന്താരാഷ്ട്ര നിലവാരത്തിലേക്ക് വികസിപ്പിക്കും. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ 97 സര്‍ക്കാര്‍ ഐടിഐകളും ഈ നിലവാരത്തിലേക്ക് എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

ആഗോള തൊഴില്‍മേഖലയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് നൈപുണ്യശേഷിയുള്ള യുവതലമുറയെ വാര്‍ത്തെടുക്കുകയാണ് ഗവണ്‍മെന്റിന്റെ ലക്ഷ്യം. വികസിത രാജ്യങ്ങളിലെ തൊഴില്‍ നൈപുണ്യ പരിശീലനസ്ഥാപനങ്ങളോട് കിടപിടിക്കത്തക്ക വിധത്തില്‍ ഐടിഐകളിലെ അടിസ്ഥാനസൗകര്യങ്ങളും പരിശീലനനിലവാരവും ഉയര്‍ത്തും.
ഈ ഗവണ്‍മെന്റ് അധികാരമേറ്റതിനു ശേഷം ആധുനികനിലവാരത്തിലുള്ള 17 പുതിയ സര്‍ക്കാര്‍ ഐടിഐകള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അഞ്ച് ഐടിഐകള്‍ കൂടി ആരംഭിക്കാന്‍ പോവുകയാണെന്നും മന്ത്രി പറഞ്ഞു. പ്രാദേശികമായ പുരോഗതിയിലും സാമ്പത്തിക വികസനത്തിലും ഐടിഐ ഉള്‍പ്പെടെയുള്ള സാങ്കേതിക പരിശീലന കേന്ദ്രങ്ങള്‍ പ്രയോജനപ്പെടും.
ഹരിതകേരളമിഷന്റെ സഹകരണത്തോടെ ഐടിഐകളില്‍ നടപ്പാക്കിയ ഹരിതക്യാമ്പസ് പദ്ധതിയും മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഐടിഐ ട്രെയിനികളുടെ സാങ്കേതികപരിജ്ഞാനവും നൈപുണ്യശേഷിയും കേരളത്തിന്റെ പുരോഗതിക്ക് മുതല്‍ ക്കൂട്ടാക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഐടിഐ വിദ്യാര്‍ഥികളും സമൂഹവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിലും പ്രാദേശികവികസനത്തില്‍ അവരെ പങ്കാളികളാക്കുന്നതിലും ശ്രദ്ധേയമായ മുന്നേറ്റമാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഉണ്ടായത്.
ഐടിഐ വിദ്യാര്‍ഥികളും പരിശീലകരും ഉള്‍പ്പെടുന്ന നൈപുണ്യകര്‍മ്മസേന പ്രളയകാലത്ത് ദുരിതാശ്വാസ-പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കാഴ്ച്ചവെച്ച സേവനം സമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.ഐടിഐകളെ ക്ലസ്റ്ററുകളായി തിരിച്ച് നൈപുണ്യകര്‍മ്മസേന സ്ഥിരം സംവിധാനമാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്. കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ പ്രതിരോധ-അതിജീവന ദൗത്യങ്ങളിലും നൈപുണ്യ കര്‍മ്മസേനയുടെ സജീവ സജീവപങ്കാളിത്തം ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team