മൈക്രോ എടിഎമ്മുകൾ സ്ഥാപിക്കാനൊരുങ്ങി റാപ്പിപേ
മൈക്രോ എടിഎം സേവനത്തിന് പുറമേ മണി ട്രാന്‍സ്ഫര്‍, പേമെന്റ്, ബാങ്കിംഗ്, നികുതിയടയ്ക്കല്‍, എഇപിഎസ് (ആധാർ പ്രാപ്തമാക്കിയ പേയ്മെന്റ് സിസ്റ്റം) തുടങ്ങിയ നിരവധി സേവനങ്ങളും റാപ്പിപേ സാത്തി സ്റ്റോറുകളില്‍ ലഭ്യമാണ്.
രാജ്യത്തുടനീളം അടുത്ത രണ്ട് വർഷത്തിനുള്ളിൽ അഞ്ച് ലക്ഷം മൈക്രോ എടിഎമ്മുകൾ വിന്യസിക്കാൻ പദ്ധതിയിടുന്നതായി ധനകാര്യ സാങ്കേതികവിദ്യ കമ്പനിയായ റാപ്പിപേ അറിയിച്ചു. ബാങ്കിംഗ് ഇടപാടുകാർക്ക് ബിസിനസ് കറസ്പോണ്ടന്റ്സ് സേവനങ്ങൾ നൽകുന്നതിന് ഫ്രാഞ്ചൈസി അടിസ്ഥാനത്തിൽ റീട്ടെയില്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്ന രീതിയിലാണ് റാപ്പിപേ മൈക്രോ എടിഎമ്മുകൾ സ്ഥാപിക്കുക.
എന്‍ബിഎഫ്‌സി കമ്പനിയായ ക്യാപിറ്റല്‍ ഇന്ത്യ ഫിനാന്‍സ് ലിമിറ്റഡിന്റെ (സിഐഎഫ്എല്‍) ഫിന്‍ടെക് അനുബന്ധ കമ്പനിയാണ് റാപ്പിപേ. ലോഞ്ച് ചെയ്ത് ഒരു മാസത്തിനുള്ളിൽ 25,000 ത്തിലധികം മൈക്രോ എടിഎമ്മുകൾ സ്ഥാപിക്കാൻ കഴിഞ്ഞതായി റാപ്പിപേ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ യോഗേന്ദ്ര കശ്യപ് പറഞ്ഞു. ഉപയോക്താക്കൾക്ക് പണം പിൻവലിക്കാനും സമാനമായ മറ്റ് ബാങ്കിംഗ് പ്രവർത്തനങ്ങൾ നടത്താനും റാപ്പിപേ സാത്തി സ്റ്റോർ വഴി സാധിക്കും. പാരമ്പര്യ എടിഎമ്മുകളില്‍നിന്നു ലഭിക്കുന്ന എല്ലാ സേവനങ്ങളും റാപ്പിപേ മൈക്രോ എടിഎമ്മുകളില്‍നിന്നും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്രാമീണ മേഖലയിലും രണ്ടും മൂന്നു നിര നഗരങ്ങളിലും എടിഎം വഴി പണം പിന്‍വലിക്കുന്നതില്‍ വിപ്ലവകരമായ മാറ്റത്തിന് മൈക്രോ എടിഎമ്മുകളുടെ വരവിന് സാധിക്കുമെന്ന് യോഗേന്ദ്ര കശ്യപ് ചൂണ്ടിക്കാട്ടി. മൈക്രോ എടിഎം സേവനത്തിന് പുറമേ മണി ട്രാന്‍സ്ഫര്‍, പേമെന്റ്, ബാങ്കിംഗ്, നികുതിയടയ്ക്കല്‍, എഇപിഎസ് (ആധാർ പ്രാപ്തമാക്കിയ പേയ്മെന്റ് സിസ്റ്റം) തുടങ്ങിയ നിരവധി സേവനങ്ങളും റാപ്പിപേ സാത്തി സ്റ്റോറുകളില്‍ ലഭ്യമാണ്. ഈ കൊവിഡ് കാലത്ത് പണം പിൻവലിക്കാൻ മൈക്രോ എടിഎമ്മുകൾ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.
റിസര്‍വ് ബാങ്കിന്റെ കണക്കുകളനുസരിച്ച് രാജ്യത്തെ 2.2 ലക്ഷം എടിഎമ്മുകളില്‍ 19 ശതമാനം മാത്രമാണ് ഗ്രാമീണ മേഖലയിലുള്ളത്. എന്നാല്‍ ജനസംഖ്യയുടെ 63 ശതമാനവും ഗ്രാമീണ മേഖലയിലാണ് താമസിക്കുന്നത്. ഗ്രാമപ്രദേശങ്ങളിൽ മൊത്തം എടിഎമ്മുകളുടെ എണ്ണം വർഷം തോറും കുറയുകയാണ്. അതിനാൽ ഗ്രാമീണ ജനതയുടെ പണം പിൻവലിക്കാനുള്ള ആവശ്യം നിറവേറ്റാൻ മൈക്രോ എടിഎമ്മുകൾക്ക് കഴിയുമെന്നാണ് റാപ്പിപേ പ്രതീക്ഷിക്കുന്നത്. റിസർവ് ബാങ്കിന്റെ പിപിഐ (പ്രീ-പെയ്ഡ് ഇൻസ്ട്രുമെന്റ്) ലൈസൻസ് പ്രകാരമാണ് റാപ്പിപേ രാജ്യത്ത് പ്രവർത്തിക്കുന്നത്.