2020ൽ ബിഎംഡബ്ള്യു 2 സീരീസ്, ഓഡി ക്യൂ2 ആഡംബരം ചെറിയ പാക്കേജിൽ  

ഓഗസ്റ്റ് മുതൽ നവംബർ അവസാനം വരെ നീണ്ട്നിൽക്കുന്ന രാജ്യത്തെ ഉത്സവ കാലം വാഹന നിർമാതാക്കളെ സംബന്ധിച്ച് ചാകരക്കാലമാണ്. ഓണം, നവരാത്രി, ദുർഗ്ഗാപൂജ, ദീപലവലി എന്നിങ്ങനെ ആഘോഷങ്ങളുടെ ഒരു നീണ്ട നിരതന്നെയാണ് ഈ മാസങ്ങളിൽ. ഇത് ഈ മാസങ്ങളിലെ വാഹന വില്പന ഗണ്യമായി ഉയർത്തും. ആഡംബര കാറുകളുടെയും കാര്യത്തിൽ ഈ സ്ഥിതി വ്യത്യസ്തമല്ല. ലോക്ക് ഡൗൺ നൽകിയ ക്ഷീണം മറികടന്ന് ടോപ് ഗിയറിലാണ് മെഴ്‌സിഡസ്-ബെൻസ്, ബിഎംഡബ്ള്യു, ഓഡി, ലാൻഡ് റോവർ, വോൾവോ തുടങ്ങിയവയുടെ വാഹന വില്പന.


അതെ സമയം പ്രീമിയം വാഹന നിർമ്മാതാക്കൾക്കിടയിൽ വിലക്കുറവുള്ള മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കുകയാണ് 2020-ലെ അജണ്ട. ലാൻഡ് റോവർ തങ്ങളുടെ ഡിഫൻഡർ തിരിയെത്തിച്ചപ്പോൾ തന്നെ നയം വ്യക്തമായിരുന്നു. ഈയാഴ്ച ബിഎംഡബ്ള്യു ഇന്ത്യയിലെ തങ്ങളുടെ ഏറ്റവും വിലക്കുറവുള്ള കാർ വില്പനക്കെത്തിച്ചപ്പോൾ, ഓഡി തങ്ങളുടെ കുഞ്ഞൻ എസ്‌യുവി മോഡലിനെയാണ് വില്പനക്കെത്തിച്ചത്. കഴിഞ്ഞില്ല മെഴ്‌സിഡസ്-ബെൻസ് തങ്ങളുടെ കുഞ്ഞൻ സെഡാന്റെ പണിപ്പുരയിലാണ് എന്നാണ് റിപോർട്ടുകൾ. ജർമൻ ത്രയത്തിന്റെ (മെഴ്‌സിഡസ്-ബെൻസ്, ഓഡി, ബിഎംഡബ്ള്യു) പുത്തൻ കുഞ്ഞൻ താരങ്ങളെ പരിചയപ്പെടാം.

2 സീരീസ് ഗ്രാൻ കൂപെ

3 സിരീസിനെ താഴെയായി ബിഎംഡബ്‌ള്യുവിന്റെ ഇന്ത്യയിൽ ഏറ്റവും വിലക്കുറവുള്ള മോഡൽ ആയാണ് 2 സീരീസ് ഗ്രാൻ കൂപെയുടെ വരവ്. ഔഡിയുടെ A3 സെഡാൻ ആണ് മുഖ്യ എതിരാളി. സ്പോർട്ട് ലൈൻ, എം സ്പോർട്ട് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ വില്പനക്കെത്തിയിരിക്കുന്ന 2 സീരീസ് ഗ്രാൻ കൂപെയ്ക്ക് യഥാക്രമം 39.30 ലക്ഷം, 41.40 ലക്ഷം എന്നിങ്ങനെയാണ് വില. 190 എച്പി പവറും 400 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0-ലിറ്റർ, 4-സിലിണ്ടർ, ടർബോ-ഡീസൽ എൻജിനിൽ മാത്രമേ 2 സീരീസ് ഗ്രാൻ കൂപെ ലഭിക്കൂ. 8-സ്പീഡ് ഓട്ടോമാറ്റിക് ആണ് ഗിയർബോക്‌സ്. പൂജ്യത്തിൽ നിന്നും മണിക്കൂറിൽ 100 കിലോമീറ്റര് വേഗത പിടിക്കാൻ 7.5 സെക്കന്റ് മതി 2 സീരീസ് ഗ്രാൻ കൂപെയ്ക്ക്. ക്രോമിൽ പൊതിഞ്ഞ ഗ്രിൽ, സ്പോർട്ടിയായ മുൻ, പിൻ ബമ്പറുകൾ, സൈഡ് സ്കർട്ടുകൾ, 18 ഇഞ്ച് വീൽ എന്നിങ്ങനെ ഏറെ സ്‌പോർട്ടി ലുക്കിലാണ് എം സ്പോർട്ട് പതിപ്പിന്റെ വരവ്.

ഓഡി ക്യൂ2

ഔഡിയുടെ എസ്‌യുവി ശ്രേണിയിലെ ഏറ്റവും ചെറുതും ഏറ്റവും സ്റ്റൈലിഷ് ആയ ഡിസൈനുമായാണ് ക്യൂ2-ന്റെ വരവ്. 2016 മുതലേ ആഗോള വിപണിയിലുണ്ടെങ്കിലും അല്പം വൈകിയാണ് ഇന്ത്യയിലേക്കുള്ള രംഗപ്രവേശം. 4,191 എംഎം മാത്രം ദൈർഖ്യമുള്ള ഒരു ലൈഫ് സ്റ്റൈൽ എസ്യുവിയാണ് ക്യൂ2. അഞ്ച് വേറിയറ്റിനുകളിൽ വില്പനക്കെത്തിയിരിക്കുന്ന ക്യൂ2-ന് 190 ബിഎച്ച്പി പവറും 320 എൻഎം ടോർക്കും നിർമ്മിക്കുന്ന 2.0 ലിറ്റർ ടിഎഫ്എസ്ഐ ടർബോ പെട്രോൾ എൻജിനാണ് കരുത്തേകുന്നത്. ഓൾ വീൽ ഡ്രൈവ് സംവിധാനത്തിനൊപ്പം ഏഴ് സ്പീഡ് ഡ്യുവൽ ക്ലെച്ച് ട്രാൻസ്മിഷനും ഓഡി ക്യൂ2-ലുണ്ട്. 6.5 സെക്കന്റിൽ പൂജ്യത്തിൽ നിന്ന്‌ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും ക്യൂ2-ന് സാധിക്കും.

സ്റ്റാൻഡേർഡ് – Rs 34.99 ലക്ഷം

പ്രീമിയം – Rs 40.89 ലക്ഷം

പ്രീമിയം – Rs 44.64 ലക്ഷം

പ്രീമിയം പ്ലസ് II – Rs 45.14 ലക്ഷം

ടെക്നോളജി – Rs 48.89 ലക്ഷം

മെഴ്‌സിഡസ് എ ക്ലാസ് സെഡാൻ.

പുതുതായി എത്തിയ ബിഎംഡബ്ള്യു 2 സീരീസ് ഗ്രാൻ കൂപെയ്ക്കും, വിപണിയിലുള്ള ഓഡി A3 സെഡാനും വെല്ലുവിളിയായി മെഴ്‌സിഡസ്-ബെൻസ് എ ക്ലാസ് സെഡാൻ ഉടൻ വില്പനക്കെത്തിക്കും. സി ക്ലാസ് സെഡാന് താഴെയായി എത്തുന്ന എ ക്ലാസ് സെഡാന്റെ പക്ഷെ പെർഫോമൻസ് മോഡൽ ആണ് ആദ്യം വില്പനക്കെത്തുക. 306 എച്പി ഔട്പുട്ടുള്ള എഞ്ചിനായിരിക്കും എ ക്ലാസ് AMG 35-ന്. എന്നാൽ അധികം താമസമില്ലാതെ 194 എച്ച്പി ഡീസൽ എൻജിനിലും, 185 എച്ച്പി പെട്രോൾ എൻജിനിലും എ ക്ലാസ് സെഡാൻ എത്തും. ഈ മാസം ആവാസനത്തോടെയോ നവംബർ ആദ്യ വാരമോ എ ക്ലാസ് സെഡാൻ വിപണിയിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team